അജാനൂർ ഗ്രാമ പഞ്ചായത്ത് വെബ്സൈറ്റിലേക്ക് സ്വാഗതം
ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും സംഘടിപ്പിച്ച് അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ്

September 15, 2026

വൈവിധ്യ വിഭവങ്ങളും ഉൽപ്പന്നങ്ങളുമായി ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും  സംഘടിപ്പിച്ച് അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ്. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ചക്ക ഫെസ്റ്റിന്റെയും പ്രദർശന വിപണന മേളയുടെയും  ഉദ്ഘാടനം നിർവഹിച്ചു.
 വെള്ളിക്കോത്ത്: ചക്കയിൽ നിന്നും വിവിധ ശ്രേണികളിലുള്ള വിഭവങ്ങളും ഉൽപ്പന്നങ്ങളും തയ്യാറാക്കി അ ജാനൂർ കുടുംബശ്രീ, മോഡൽ  സി.ഡി.എസ്ന്റെ ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും ശ്രദ്ധേയമായി. പച്ചയും പഴുത്തതുമായ ചക്കയ്ക്ക് പുറമേ ചക്ക കൊണ്ടുള്ള വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ചക്ക ചമണി കൊണ്ടുള്ള വിഭവവും ഫെസ്റ്റിൽ ഇടംപിടിച്ചു. അജാനൂർ ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകൾ ചക്ക ഫെസ്റ്റിൽ പങ്കാളികളായി. ചക്ക കേക്ക്, ചക്ക ഷെയ്ക്ക്, ചക്ക ബിരിയാണി, വിവിധ തരത്തിലുള്ള ചക്ക പായസം, ചക്ക പപ്പടം, ചക്ക ചമ്മന്തി, ചക്ക വട, ചക്ക ഉണ്ണിയപ്പം എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. ചക്ക മാത്രമല്ല ചക്കക്കുരു വിഭവങ്ങളും ചക്ക ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. ചക്കക്കുരു ഉണ്ട, ലഡു, വട, പായസം തുടങ്ങിയവയും ചക്കക്കുരു കൊണ്ട് ഉണ്ടാക്കി ഫെസ്റ്റിൽ ഇടം പിടിച്ചു. നമ്മൾ പാഴാക്കിക്കളയുന്ന ചക്ക ചമണികൊണ്ട് ഉണ്ടാക്കിയ വിഭവം ഫെസ്റ്റിവലിൽ പ്രത്യേക ശ്രദ്ധ നേടി. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ചക്ക ഫെസ്റ്റ് ചക്ക കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കുഞ്ഞാമിന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം. വി.രാഘവൻ, മുൻ സി.ഡി.എസ് ചെയർപേഴ്സൺ എം.വി. രത്നകുമാരി എന്നിവർ സംസാരിച്ചു. സി. ഡി. എസ്. വൈസ് ചെയർപേഴ്സൺ കെ സുമതി സ്വാഗതവും റിസോഴ്സ് പേഴ്സൺ ബ്രീജ പാടിക്കാനം നന്ദിയും പറഞ്ഞു. ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ മത്സരത്തിൽ ബ്ലോക്ക് കോഡിനേറ്റർമാരായ രമ്യ മോൾ, എ.രജനി, കെ. നിമിഷ അജാനൂർ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി എച്ച് ഇക്ബാൽ എന്നിവർ വിധികർത്താക്കളായി ജേതാക്കളെ പ്രഖ്യാപിച്ചു. 38 ഓളം വിഭവങ്ങളുമായി മത്സരത്തിൽ മാറ്റുരച്ച പതിനഞ്ചാം വാർഡ് കുടുംബശ്രീ ഒന്നാം സ്ഥാനവും, അഞ്ചാം വാർഡ് രണ്ടാം സ്ഥാനവും മൂന്നാം വാർഡ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി സമ്മാനങ്ങൾ വിതരണം ചെയ്തു. കേവലം വർഷത്തിലൊരിക്കൽ നടത്തുന്ന മത്സരങ്ങൾക്ക് പുറമേ ചക്ക കൊണ്ടുള്ള വിവിധ തരത്തിലുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണികളിൽ ലഭ്യമാക്കാൻ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്ന് പരിപാടിയിൽ അഭിപ്രായമുയർന്നു. ചക്ക ഫെസ്റ്റിൽ പങ്കാളികളാകുന്നതിനും വിഭവങ്ങൾ രുചിച്ചു നോക്കുന്നതിനും വാങ്ങുന്നതിനു മായി  പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും മറ്റുള്ളവരും അജാനൂർ സി.ഡി.എസ് കുടുംബശ്രീ ഹാളിൽ എത്തിയിരുന്നു.
 



 

ajanoor